ആലപ്പുഴ: ദേശീയപാതയ്ക്കുവേണ്ടി അടക്കം ജലാശയങ്ങളില്‍ ഡ്രഡ്ജിംഗ് നടത്തുന്നതു പാരിസ്ഥിതിക പ്രശ്നം സൃഷിടിക്കുമെന്ന് വിദഗ്ധര്‍. ഡ്രഡ്ജിംഗ് വഴി കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തുവരും. ഇത് പരിസ്ഥിതിക്കു വലിയ നാശം വരുത്തുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഇത് ആഗോള താപനത്തിനു സാധ്യത വര്ധിപ്പിക്കമെന്നാണ് വിദഗ്ധരുടെ നിലപാട്. വേമ്പനാട് കായല്‍ ഉള്‍പ്പെടെ ഖനനം നടക്കുന്ന ജലാശയങ്ങളുടെ അടിത്തട്ടില്‍ കാര്‍ബണ്‍ കൂടുതലായി അടങ്ങിയ എക്കലാണുള്ളത്. ഡ്രഡ്ജിംഗ് നടത്തുമ്പോള്‍ ഈ എക്കല്‍ വെള്ളവും വായുവുമായി കലരുകയും ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ ഡയോക്സൈഡ് രൂപപ്പെടുകയും ചെയ്യും.
വേമ്പനാട്ടു കായലില്‍ നടത്തിയ പഠനപ്രകാരം ഒരു ഹെക്ടര്‍ പ്രദേശത്ത് 86 ടണ്‍ വരെ എക്കലുണ്ടെന്നു വ്യക്തമായെന്നു കുട്ടനാട് രാജ്യാന്തര കായല്‍കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. എക്കലില്‍ 3% മുതല്‍ 10% വരെ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉപയോഗിക്കുമ്പോള്‍ ജലാശയങ്ങളുടെ അടിത്തട്ട് കലക്കിയാണു മണ്ണെടുക്കുന്നത്. കലങ്ങി പുറത്തേക്കു വരുന്ന കാര്‍ബണ്‍ അന്തരീക്ഷ വായുവുമായി കലരുന്നതോടെ കാര്‍ബണ്‍ ഡയോക്സൈഡ് രൂപപ്പെടുകയാണ് ചെയ്യുന്നത്.
സ്വാഭാവികരീതിയില്‍ ഈ കാര്‍ബണ്‍ പുറത്തേക്കു വരാതെയും വാതകങ്ങളായി മാറാതെയും സംരക്ഷിക്കുന്നവയാണു ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും. കായലില്‍ ആഴവും ശേഷിയും കൂട്ടുമെന്നു പറഞ്ഞെങ്കിലും അതു കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണു ഡ്രഡ്ജിംഗ് സൃഷ്ടിക്കുന്നത്. കായലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്കലും മണ്ണും ചേര്‍ന്നു കട്ട കുത്തിയെടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2033 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വേമ്പനാട്ടുകായലിലെ കാര്‍ബണ്‍ ശേഖരത്തിന്റെ മൂല്യം (ബ്ലൂ കാര്‍ബണ്‍ ഇക്കോണമി) 300 കോടി രൂപയ്ക്കു മുകളിലാണെന്നാണു കണക്കാക്കിയിട്ടുള്ളത്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് ഒഴിവാക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന ക്യോട്ടോ ഉടമ്പടി എന്നറിയപ്പെടുന്ന രാജ്യാന്തര കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായാണു കാര്‍ബണ്‍ ശേഖരിക്കുന്നതിനു മൂല്യം ഏര്‍പ്പെടുത്തി തുടങ്ങിയത്.
മത്സ്യസമ്പത്തിനെയും ബാധിക്കുന്നു
ദേശീയപാതയ്ക്കായി കായലുകളില്‍നിന്നു മണ്ണ് എടുക്കുന്നതു മത്സ്യസമ്പത്തിനെയും സാരമായി ബാധിക്കുന്നു. വേമ്പനാട്ടു കായലില്‍ പുന്നമട ഭാഗത്തു മണ്ണെടുക്കല്‍ ആരംഭിച്ച ശേഷം പ്രദേശത്തു കരിമീൻ ഉള്‍പ്പെടെയുള്ള മീനുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ജില്ലയില്‍ വേമ്പനാട്ടു കായലില്‍ പുന്നമടയിലും കായംകുളം കനാലിലുമാണു ഡ്രഡ്ജിംഗ് നടക്കുന്നത്.
കായല്‍ വെള്ളത്തിലെ മലിനീകരണത്തിനൊപ്പം ഡ്രഡ്ജിംഗ് കാരണം എക്കലും ചെളിയും കൂടി കലങ്ങിയതോടെ മീനുകള്‍ക്കു ജീവിക്കാനാകാത്ത സ്ഥിതിയായെന്നു കുട്ടനാട് രാജ്യാന്തര കായല്‍കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. കായലിന്റെ അടിത്തട്ടില്‍ ജീവിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്ന കരിമീന്‍, കൊഞ്ച്, കക്ക തുടങ്ങിയവയുടെ നിലനില്‍പ്പിനെ ഖനനം സാരമായി ബാധിക്കും.
ഖനനത്തില്‍ അടിത്തട്ട് ഇളകുന്നതോടെ മീന്‍കുഞ്ഞുങ്ങള്‍ ചാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കായലിലെ മത്സ്യസമ്പത്ത് കൂട്ടാനായി മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ഉള്‍പ്പെടെ നടത്തുമ്പോഴാണു ഖനനം മീനുകളെ കൊല്ലുന്നത്. കായലില്‍ ആഴവും ശേഷിയും കൂട്ടുമെന്നു പറഞ്ഞെങ്കിലും കായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണു ഡ്രഡ്ജിംഗ് സൃഷ്ടിക്കുന്നത്.
ആഴം കൂട്ടാനായി കായലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്കലും മണ്ണും ചേര്‍ന്നു കട്ട കുത്തിയെടുക്കുകയാണ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീന്‍ ലഭ്യത കുറയുന്നത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും തിരിച്ചടയായി. മീന്‍കുഞ്ഞുങ്ങള്‍ ഇല്ലാതാകുന്നത് അടുത്ത വര്‍ഷങ്ങളിലും മീന്‍ ലഭ്യത കുറയാന്‍ ഇടയാക്കും. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കും.